Friday, February 15, 2013

ജോണിവാക്കര്‍ - ശാന്തമീ രാത്രിയില്‍




മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത് 1992 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജോണി വാക്കര്‍. മമ്മൂട്ടി,രഞ്ജിത, സോമന്‍ തുടങ്ങിയവരായിരുന്നു ഈ ചിത്രത്തില്‍ അഭിനയിച്ചത്. അടിച്ചുപൊളിച്ച് കോളേജ് ജീവിതമാസ്വദിക്കുന്ന അനുജന്റേയും കൂട്ടുകാരുടേയും ജീവിതം കണ്ട് കൊതികയറി കോളേജ് പഠനത്തിനെത്തുന്ന ജേഷ്ഠനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിച്ചത്. കാമ്പസ്സുകളെ ദുഷിപ്പിക്കുന്ന ഡ്രഗ്സും,സംഘട്ടനവും,  വില്ലമ്മാരും പിന്നെ കളര്‍‍ഫുല്‍ പാട്ടുകളും ഒക്കെ ചേര്‍ന്ന ഈ ചിത്രം ഒരു സാമ്പത്തിക വിജയം കൂടിയായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ് പി വെങ്കിടേഷ് ഈണം പകര്‍ന്ന ഒരു ഗാനം ഇതാ നിങ്ങള്‍ക്കായി..



ചിത്രം - ജോണി വാക്കര്‍
പാടിയത് - യേശുദാസ്
ഗാനരചന - ഗിരീഷ് പുത്തഞ്ചേരി
സംഗീതം - എസ് പി വെങ്കിടേഷ്



ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...
ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...
കൊമ്പെട്..കുറുങ്കുഴല്‍ കൊട്
തപ്പെട്..തകില്‍പ്പുറം കൊട്..
നഗരതീരങ്ങളില്‍ ലഹരിയില്‍ കുതിരവേ...

ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...

ആകാശക്കൂടാരകീഴില്‍ നിലാവിന്റെ
പാല്‍ക്കിണ്ണം നീട്ടുന്നതാരു
തീരാ തിരക്കയ്യില്‍ കാണാത്ത സ്വപ്നങ്ങള്‍
രത്നങ്ങളാക്കുന്നതാരു..(2)
കാതോരം പാടാന്‍ വാ
പാഴ്പ്പൂരം കാണാന്‍ വാ (2)

ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...

നക്ഷത്ര പൊന്‍ നാണ്യചെപ്പില്‍ കിനാവിന്റെ
നീട്ടം നിറയ്ക്കുന്നതാരു
കാണാപ്പുറം കടന്നെത്തുന്ന കാറ്റിന്റെ
കണ്ണീരില്‍ മുത്തുന്നതാരു..(2)
കാതോരം പാടാന്‍ വാ
പാഴ്പ്പൂരം കാണാന്‍ വാ..(​‍2)

ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍
കൊണ്ടുവാ..ഓഹോ.. കൊണ്ടുവാ...



ശ്രീക്കുട്ടന്‍

Wednesday, February 13, 2013

തിരക്കഥ - ഒടുവിലൊരു ശോണരേഖയായ്



താരപ്രഭയില്‍ വിരാജിച്ചുകൊണ്ടിരിക്കേ ഒരു നാള്‍ ഏതോ വഴികളില്‍ ദുരൂഹതയുമവശേഷിപ്പിച്ച് അപ്രത്യക്ഷമായ മാളവിക എന്ന സിനിമാനടിയുടേയും മാളവികയുടെ ഭര്‍ത്താവും മലയാളസിനിമയിലെ അതികായനുമായി വളര്‍ന്ന അജയചന്ദ്രനും തമ്മിലുണ്ടായിരുന്ന പ്രണയത്തിന്റെ യഥാര്‍ത്ഥ തലങ്ങളും അവരുടെ ജീവിതവും തേടുന്ന അക്ബര്‍ അഹമ്മദ് എന്ന യുവസംവിധായകന്റേയും കഥയായിരുന്നു 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രം പറഞ്ഞത്. യഥാക്രമം പ്രീയാമണിയും അനൂപ്മേനോനും പ്രിഥ്വിരാജും വേഷമവതരിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തത് രഞ്ജിത്തായിരുന്നു. മലയാള സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുകയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ അനുഗ്രഹീത നടിയുമായിരുന്ന ശ്രീ വിദ്യയുടെ ജീവിതമാണു തിരക്കഥ എന്ന സിനിമയ്ക്കാധാരം എന്നു പറയപ്പെടുന്നുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ശരത് ആണു സംഗീതം പകര്‍ന്നത്. ഈ ചിത്രത്തിലെ ഒരു മനോഹരഗാനം ഇതാ നിങ്ങള്‍ക്കായി..


ചിത്രം - തിരക്കഥ
ഗാനരചന - റഫീക്ക് അഹമ്മദ്
സംഗീതം - ശരത്
പാടിയത് - ചിത്ര


ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരേ
ജനിമൃതികള്‍ സാഗരോര്‍മ്മികള്‍
പൊഴിയാതെ ശ്യാമതീരം
വിടരുമീ താരനാളം
പൊലിയാതെ..പൊലിയാതെ

ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരേ....

പെയ്യാതെ പോയൊരാ
മഴമുകില്‍ തുണ്ടുകള്‍
ഇരുള്‍ നീല രാവു നീന്തി വന്നു
പൂവുകളായ്...
ഓ..ഓ..
ഒരു മലര്‍ക്കണിയുമായി
പുലരിതന്‍ തിരുമുഖം
ഇനിയും കാണാന്‍ വന്നുവോ..

ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരേ....

ജന്മാന്തരങ്ങളില്‍ എങ്ങോ മറഞ്ഞൊരാ
പ്രീയ ജീവകണമിന്നുതിര്‍ന്നു കതിരൊളിയായ്
ഓ...ഓ...
ആരുമയായ് ജനലഴി
പഴുതിലൂടണയുമോ
ഇനിയീ മടിയില്‍ ചായുമോ...

ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യ ദൂരേ
ജനിമൃതികള്‍ സാഗരോര്‍മ്മികള്‍
പൊഴിയാതെ ശ്യാമതീരം
വിടരുമീ താരനാളം
പൊലിയാതെ..പൊലിയാതെ



ശ്രീക്കുട്ടന്‍

മഴ - വാര്‍മുകിലേ വാനില്‍ നീ


ഭദ്രയ്ക്ക് അവളുടെ സംഗീതാധ്യാപകനായിരുന്ന ശാസ്ത്രികളോട് തോന്നിയ അനുരാഗവും പിന്നീട് മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ചന്ദ്രനെ വിവാഹം കഴിച്ചു നീറിയുരുകി ജീവിച്ചുതീര്‍ക്കേണ്ടിയും വന്നതാണ് മഴയുടെ കഥ. പ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന ചെറുകഥയുടെ സ്വതന്ത്ര ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ശ്രീ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 2000 ല്‍ പുറത്തിറങ്ങിയ മഴ എന്ന ചിത്രം. സംയുക്താവര്‍മ്മ ഭദ്രയായും ബിജുമേനോന്‍ ശാസ്ത്രികളായും ലാല്‍ ചന്ദ്രനായും വേഷമിട്ട ഈ ചിത്രം മനോഹരഗാനങ്ങളാല്‍ സമ്പുഷ്ടമായിരുന്നു.യൂസഫലി കേച്ചേരി രചിച്ച് രവീന്ദ്രന്‍ മാഷ് ഈണമിട്ട് മഴയിലെ ഒരതിമനോഹരഗാനം നിങ്ങള്‍ക്കായ്...



ചിത്രം - മഴ
രചന -യൂസഫലി കേച്ചേരി
സംഗീതം - രവീന്ദ്രന്‍
പാടിയത് - ചിത്ര


വാര്‍മുകിലേ വാനില്‍ നീ വന്നുനിന്നാലോര്‍മ്മകളില്‍
ശ്യാമവര്‍ണ്ണന്‍
തളിരാടി നില്‍ക്കും കദനം നിറയേ
യമുനാനദിയായ് മിഴിനീര്‍ വനിയില്‍....(

വാര്‍മുകിലേ.......

പണ്ടു നിന്നെ കണ്ട നാളില്‍
പീലി നീര്‍ത്തീ മാനസം (2)
മന്ദഹാസം ചന്ദനമായി..മന്ദഹാസം ചന്ദനമായി
ഹൃദയരമണാ
ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞു പുഷ്പങ്ങള്‍
ജീവന്റെ താളങ്ങള്‍

വാര്‍മുകിലേ............

അന്നു നീയെന്‍ മുന്നില്‍ വന്നൂ​
പൂവണിഞ്ഞൂ ജീവിതം
തേന്‍ കിനാക്കള്‍ നന്ദനമായി...തേന്‍ കിനാക്കള്‍ നന്ദനമായി...
നളിന നയനാ
പ്രണയ വിരഹം നിറഞ്ഞ വാനില്‍
പോരുമോ വീണ്ടും...

വാര്‍മുകിലേ.......


ശ്രീക്കുട്ടന്‍

Tuesday, February 12, 2013

കരുമാടിക്കുട്ടന്‍ - സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച




വിനയന്‍ സംവിധാനം ചെയ്ത് 2001 ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു കരുമാടിക്കുട്ടന്‍. കലാഭവന്‍ മണി,നന്ദിനി, രാജന്‍ പി ദേവ് എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ഈ ചിത്രത്തിലെ ഏറ്റവും വലിയ ആകര്‍ഷണീയത അതി സുന്ദരമായ ഗാനങ്ങളായിരുന്നു. നമ്മുടെ മലയാളനാടിന്റെ സൌന്ദര്യത്തെ ഇത്ര വശ്യസുന്ദരമായി പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഉള്ള ഗാനങ്ങള്‍ അപൂര്‍വ്വമാണു.  കരുമാടിക്കുട്ടനില്‍ നിന്നും മലയാളത്തനിമയും പ്രൌഡിയും വിളിച്ചോതുന്ന ആഡ്യത്വമുള്ളൊരു ഗാനമിതാ നിങ്ങള്‍ക്കായി..



സിനിമ  : കരുമാടിക്കുട്ടന്‍
രചന   : യൂസഫലി കേച്ചേരി
സംഗീതം : മോഹന്‍ സിതാര
പാടിയത് : യേശുദാസ്

സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച
മണിവീണയാണെന്റെ കേരളം
നീലസാഗരമതിന്റെ തന്ത്രിയി-
ലുണര്‍ത്തിടുന്നു സ്വരസാന്ത്വനം
ഇളകിയാടുന്ന ഹരിതമേഖലയില്‍
അലയിടുന്നു കള നിസ്വനം
ഓ...നിസ്വനം കള നിസ്വനം..( സഹ്യസാനു...

ഹരിതഭംഗികളിയാടിടുന്ന
വയലേലകള്‍ക്ക് നീര്‍ക്കുടവുമായ്
നാട്ടിലാകെ നാടമാടിടുന്നിതാ
പാട്ടുകാരികള്‍ ചോലകള്‍
ഓ..ശ്യാമകേരകേദാരമേ..
ശ്യാമകേരകേദാരമേ
ശാന്തിനിലയമായ് നില്‍ക്ക നീ..
ശാന്തിനിലയമായ് നില്‍ക്ക നീ..(സഹ്യസാനു..

പീലിനീര്‍ത്തി നടമാടിടുന്നു
തൈത്തെങ്ങുകള്‍ കുളിര്‍ തെന്നലില്‍
കെളികൊട്ടിലുയരുന്നു കഥകളി
കേളി ദേശാന്തരങ്ങളില്‍
ഓ..സത്യധര്‍മ്മ കേദാരമേ..
സത്യധര്‍മ്മ കേദാരമേ
സ്നേഹസദനമായ് വെല്‍ക നീ..
സ്നേഹസദനമായ് വെല്‍ക നീ..(സഹ്യസാനു...





ശ്രീക്കുട്ടന്‍

Monday, February 11, 2013

ആലിബാബയും 41 കള്ളമ്മാരും - സുവര്‍ണ്ണരേഖാ നദിയില്‍





1975 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആലിബാബയും 41 കള്ളമ്മാരും. ആയിരത്തിയൊന്നു രാവുകള്‍ എന്ന വിഖ്യാതമായ അറബിക്കഥാസാഗരത്തില്‍ നിന്നുമുള്ള ഒരുകഥയുടെ സിനിമാ ആവിഷ്ക്കാരമായിരുന്നു ഈ ചിത്രം. വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ജി ദേവരാജന്‍ മാസ്റ്ററായിരുന്നു. ഈ ചിത്രം സംവിധാനം ചെയ്തത് ശശികുമാര്‍ ആയിരുന്നു. നസീര്‍,ജയഭാരതി,ഉമ്മര്‍ തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ഈ ചിത്രത്തില്‍ നിന്നുമുള്ള ഒരു മനോഹരഗാനം നിങ്ങള്‍ക്കായിതാ...






ചിത്രം - ആലിബാബയും 41 കള്ളമ്മാരും
രചന - വയലാര്‍
സംഗീതം - ജി ദേവരാജന്‍ മാസ്റ്റര്‍
പാടിയത് - പി മാധുരി



സുവര്‍ണ്ണരേഖാ നദിയില്‍ പണ്ടൊരു
സുന്ദരി നീന്താനിറങ്ങി...(2)
അവളെക്കണ്ടുകൊതിച്ചൊരു സുല്‍ത്താന്‍
അരലക്ഷം പവന്‍ വില പറഞ്ഞു

സുവര്‍ണ്ണ രേഖാ.......

പൂമേനികണ്ടാല്‍ ഗോമേദകം
പുഞ്ചിരി കണ്ടാല്‍ പുഷ്യരാഗം
കണ്മിഴി രണ്ടും ഇന്ദ്രനീലം
കവിളില്‍ പൊതിഞ്ഞതു ചന്ദ്രകാന്തം

ആ..ആ..ആ​‍...ആ​‍...

സുവര്‍ണ്ണ രേഖാ.......

നീലമലയില്‍ വിളഞ്ഞു നില്‍ക്കും
നീര്‍മാതളത്തിന്‍ പഴങ്ങള്‍ പോലെ
മാറില്‍ തുള്ളും മധുഫലങ്ങള്‍
പരവശനാക്കീ പാദുഷയെ

ആ..ആ..ആ​‍...ആ​‍...

സുവര്‍ണ്ണ രേഖാ.......



ശ്രീക്കുട്ടന്‍

Sunday, February 10, 2013

പരിണയം- അഞ്ചു ശരങ്ങളും


എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1994 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പരിണയം. മോഹിനി, വിനീത്, മനോജ് കെ ജയന്‍, തിലകന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലഭിനയിച്ച ഈ ചിത്രം നിരവധി സംസ്ഥാന ദേശീയബഹുമതികള്‍ നേടുകയുണ്ടായി. മുമ്പ് കാലത്ത് നമ്പൂതിരി ഇല്ലങ്ങളില്‍ നിലവിലുണ്ടായിരുന്ന സ്മാര്‍ത്തവിചാരം എന്ന ചടങ്ങിനെ ആസ്പ്പദമാക്കിയാണു ഈ ചിത്രം നിര്‍മ്മിക്കപ്പെട്ടത്. കേരളക്കരയില്‍ വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച കുറിയേടത്ത് താത്രിക്കുട്ടി അന്തര്‍ജ്ജനത്തിന്റെ സ്മാര്‍ത്തവിചാരമായിരുന്നു പരിണയമെന്ന ചിത്രത്തിനാധാരം. മോഹിനിയും തിലകനുമൊക്കെ അസാധ്യമായി നടിച്ച ഈ ചിത്രത്തില്‍ ശ്രവണസുന്ദരമായി ഗാനങ്ങളാണുണ്ടായിരുന്നത്. യൂസഫലി കച്ചേരി എഴുതിയ ഇതിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ബോംബേ രവിയാണു. ഒരു സ്ത്രീയെ ഇതിനെക്കാല്‍ കൂടുതല്‍ എങ്ങിനാണു പുകഴ്ത്തുക....


അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ,
നിൻ പുഞ്ചിരി സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കി, നിൻ
തേന്മൊഴി സാധകമാക്കി.... (അഞ്ചുശരങ്ങളും...)

പത്തരമാറ്റും പോരാതെ കനകം
നിൻ കവിൾപ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിൻ കാന്തി നേടാൻ ദാഹിച്ചു..(അഞ്ചുശരങ്ങളും...)

നീലിമ തെല്ലും പോരാതെ വാനം
നിൻ മിഴിയിണയിൽ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീർ
നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ..(അഞ്ചുശരങ്ങളും...)



ചിത്രം: പരിണയം
രചന : യൂസഫലി കേച്ചേരി
സംഗീതം : ബോംബെ രവി
ആലാപനം: കെ ജെ യേശുദാസ്






ശ്രീക്കുട്ടന്‍

Thursday, February 7, 2013

സെല്ലുലോയ്ഡ് -ഏനുണ്ടോടീ



മലയാള സിനിമയുടെ പിതാവായി അറിയപ്പെടുന്ന ആളാണു ശ്രീ ജെ. സി ഡാനിയേല്‍. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രസംരഭമായ വിഗതകുമാരന്റെ സൃഷ്ടാവ്. വലരെയേറെ ത്യാഗങ്ങള്‍ സഹിച്ച്
ആ സിനിമ ജെ സി ഡാനിയേല്‍ പൂര്‍ത്തിയാക്കിയെങ്കിലും നിര്‍ഭാഗ്യം കൊണ്ട് ആ ചിത്രം പ്രേക്ഷകസമക്ഷമെത്താതെ ചരമമടഞ്ഞു. ഇന്നീ നവസിനിമാകാലത്ത് അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് കമല്‍ സംവിധാനം ചെയ്യുന്ന സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഒരു അസാധ്യസുന്ദരമായ ഗാനം നിങ്ങള്‍ക്കായി നല്‍കുകയാണു. മനസ്സില്‍ ഗതകാലസ്മരണകള്‍ നുരകുത്തിയൊഴുകുന്ന, പഴമയിലേയ്ക്കൊന്നു മടങ്ങുവാന്‍ മനം വെമ്പിപ്പോകുന്ന  ആരു കേട്ടാലും മതിമറന്നാസ്വദിച്ചുപോകുന്ന ഒരു ഗാനം.

അങ്ങകലെയായി അന്തരീക്ഷത്തില്‍ നിന്നും ഒരു പഴം പാട്ടിന്റെ ശീലുകള്‍ ഒഴുകി വരുന്നുണ്ടോ...

"ഏനുണ്ടോടീ......

സിനിമ - സെല്ലുലോയ്ഡ്
സംഗീതം - എം ജയചന്ദ്രന്‍
രചന- എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍


പുന്നാര പൂങ്കുയിലേ..

ഏനുണ്ടോടി അമ്പിളിചന്തം
ഏനുണ്ടോടി താമരചന്തം
ഏനുണ്ടോടി മാരിവില്‍ചന്തം
ഏനുണ്ടോടി മാമഴചന്തം
കമ്മലിട്ടോ പൊട്ടുതൊട്ടോ
ഏനിതൊന്നും അറിഞ്ഞതില്ലേ
പുന്നാരപൂങ്കുയിലേ....

കാവളം കിളി കാതിലു ചൊല്ലണ്
കണ്ണിലിത്തിരി കന്മഷി വേണ്ടേന്നു
കുമ്പിളില്‍ പൂമണവുമായെത്തണ്
കാറ്റു മൂളണ് കരിവള വേണ്ടേന്ന്‍
എന്തിനാവോ ഏതിനാവോ
ഏനിതൊന്നുമേയറിഞ്ഞതില്ലേ
പഞ്ചാരപൂങ്കുയിലേ....

ഏനുണ്ടോടി അമ്പിളിചന്തം
ഏനുണ്ടോടി താമരചന്തം

കൊച്ചരിമുല്ല തക്കം പറയണ്
കാര്‍മുടിച്ചുറ്റു പൂവൊന്ന്‍ കേട്ടാന്ന്‍
പൂത്തൊരുങ്ങിയിലഞ്ഞിയും ചൊല്ലണ്
മേലു വാസന തൈലം പുരട്ടാന്ന്‍
എന്തിനാവോ ഏതിനാവോ
നീയേ മറിമായമെല്ലാമറിഞ്ഞിട്ടും
മിണ്ടാതെ നിക്കണല്ലേ...

ഏനുണ്ടോടി അമ്പിളിചന്തം
ഏനുണ്ടോടി താമരചന്തം....








ശ്രീക്കുട്ടന്‍